FLASH NEWS

6/recent/ticker-posts

റെയില്‍വേയ്ക്ക് ഒരുകോടി കൂടി നല്‍കിയാല്‍ ചാലക്കുന്നില്‍ മേല്‍പ്പാലമെത്തും


ചാലക്കുന്നിനെയും തോട്ടടയെയും ബന്ധിപ്പിക്കുന്ന റെയില്‍വേ മേല്‍പ്പാലത്തിനായി ജനങ്ങളുടെ കാത്തിരിപ്പ്. കൂത്തുപറമ്പ്, കാടാച്ചിറ, മമ്പറം, പെരളശേരി, ചാല, അഞ്ചരക്കണ്ടി, ചക്കരക്കല്‍ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി ചാലക്കുന്നില്‍ ബസിറങ്ങി റെയില്‍വേ പാളം കടന്ന് തോട്ടട ഭാഗത്തേക്ക് പോകുന്നത്. ഈ യാത്ര വലിയ അപകടസാധ്യതയുള്ളതാണ്.

കഴിഞ്ഞമാസം ഐടിഐയിലെ വിദ്യാര്‍ഥി കിഴുത്തുള്ളി ഓവുപാലത്തിന് സമീപം പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ചാലക്കുന്നില്‍ പാളത്തിന് വലിയ വളവുള്ളതിനാല്‍ ട്രെയിന്‍ വരുന്നത് പെട്ടെന്ന് കാണാനാവില്ല. ഇലക്ട്രിക് എന്‍ജിനായതിനാല്‍ ഇപ്പോള്‍ ട്രെയിനുകള്‍ക്ക് ശബ്ദവും കുറവാണ്. നിരവധി പേരാണ് ചാലയിലും പരിസരങ്ങളിലും ഇതിനകം ട്രെയിന്‍ തട്ടി മരിച്ചിട്ടുള്ളത്. പരിക്കേറ്റവരും ഏറെയാണ്. ചാലക്കുന്നില്‍ മേല്‍പ്പാലമെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ 7.02 കോടി രൂപ റെയില്‍വേയ്ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍, എസ്റ്റിമേറ്റില്‍ മാറ്റം വരുത്തിയതിനാല്‍ 1.05 കോടി കൂടി റെയില്‍വേ ആവശ്യപ്പെട്ടിരിക്കുകയാണ്. ആദ്യം ഉദേശിച്ചത് നടപ്പാത മാത്രമായിരുന്നു. എന്നാല്‍, പിന്നീട് ചെറിയ വാഹനങ്ങള്‍ക്ക് പോകാനുള്ള രീതിയില്‍ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചു. ഇതിനെ തുടര്‍ന്നാണ് റെയില്‍വേ അധിക തുക ആവശ്യപ്പെട്ടത്.

എംഎല്‍എ ഫണ്ട് ഉപയോഗിച്ച് മേല്‍പാലം നിര്‍മിക്കുമ്പോള്‍ 25 ശതമാനം കുറച്ചാണ് എസ്റ്റിമേറ്റ് തയാറാക്കുക. ബജറ്റില്‍ വകയിരുത്തിയ തുക എംഎല്‍എ ഫണ്ടാണെന്ന് തെറ്റിദ്ധരിച്ച് റെയില്‍വേ നിശ്ചിത ശതമാനം കുറച്ച് നല്‍കിയ എസ്റ്റിമേറ്റാണ് തിരുത്തിയത്. മേല്‍പ്പാലമെത്താന്‍ 1.05 കോടി രൂപകൂടി റെയില്‍വേയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. തുക ഉടന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. മേല്‍പ്പാലം നിര്‍മിച്ചാല്‍ ചാലക്കുന്നില്‍ നിന്ന് തോട്ടടയിലേക്ക് ആളുകള്‍ക്ക് സുരക്ഷിതമായി എത്താന്‍ കഴിയും. നിലവില്‍ താഴെ ചൊവ്വ വഴിയോ അമ്മൂപ്പറമ്പ് വഴിയോ ആണ് വാഹനങ്ങള്‍ തോട്ടടയിലെത്തുന്നത്.

തോട്ടട ഐടിഐ, പോളിടെക്‌നിക്, എസ്എന്‍ കോളജ് തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നിരവധി വിദ്യാര്‍ഥികളാണ് പാളംമുറിച്ച് കടന്ന് ചാല ബൈപാസിലേക്കും കിഴുത്തള്ളിയിലേക്കും എത്തുന്നത്. വാഹന ഷോറൂമുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരും പാളം കടന്നെത്തുന്നു. പാലം വരുന്നതോടെ ചെറിയ വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ തോട്ടടയില്‍ എത്താനാകും. മേല്‍പ്പാലത്തെ പുതിയ ബൈപ്പാസ് റോഡുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്


Post a Comment

0 Comments