പാലക്കാട് : അധ്യാപക൪ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാ൪ത്ഥിയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃത൪. മൊബൈൽ ഫോൺ പിടിച്ചു വെച്ചതിനാണ് വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്. പാലക്കാട് ആനക്കര ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലായിരുന്നു സംഭവം. തുട൪ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാക൪തൃ മീറ്റിങ്ങിൽ തീരുമാനിക്കുമെന്ന് സ്കൂൾ അധികൃത൪ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകൻ പിടിച്ചു. ഫോണ്‍ അധ്യാപകൻ പ്രധാന അധ്യാപകന്‍റെ കൈവശം ഏല്‍പ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്‍റെ മുറിയിൽ എത്തിയത്.
തനിക്ക് മൊബൈൽ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാര്‍ത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി. ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി.
0 Comments