നാട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ അശ്ലീലമായ രീതിയിൽ മോർഫ് ചെയ്ത് അപ്‍ലോഡ് ചെയ്തിരിക്കുന്നു. ഒന്നിലധികം അക്കൗണ്ടുകളിൽ നിന്ന് പ്രചരിക്കുന്നു. ഓരോരുത്തർ,ഓരോരുത്തരായി ഞെട്ടി. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മോർഫ് ചെയ്ത ചിത്രം വരെ കൂട്ടത്തിൽ. രാത്രിക്കുരാത്രി നാട്ടുകാർ സംഘടിച്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
പേരാവൂർ എസ്ഐ ജാൻസി മാത്യുവിന്‍റെ നേതൃത്വത്തിൽ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടിച്ചു. ഇരുപതുകാരനായ അഭയ്. വയനാട് പടിഞ്ഞാറത്തറയിൽ നിന്ന് അറസ്റ്റ്. നേരത്തെ പ്രദേശത്ത് താമസിച്ചിരുന്ന അഭയ്ക്കെതിരെ സ്ത്രീകളെ ശല്യം ചെയ്തതിനുൾപ്പെടെ കേസുണ്ട്. മോർഫിങ് ആപ്പ് ഉപയോഗിച്ച് ഫോണിൽ എഡിറ്റ് ചെയ്തതാണ് ചിത്രങ്ങൾ. പടങ്ങൾ സംഘടിപ്പിക്കാൻ ഇയാൾക്ക് മറ്റ് ചിലരുടെ സഹായം കിട്ടിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ഫോൺ സൈബർ സെൽ പരിശോധിച്ചുവരുന്നു. മോർഫിങ് കമ്പമല്ലാതെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന്‍റെ ഉദ്ദേശമെന്തെന്നും അന്വേഷിക്കുന്നുണ്ട്. നാട്ടുകാർക്ക് കൗൺസിലിങ് ഉൾപ്പെടെ സഹായങ്ങൾ നൽകുമെന്ന് പേരാവൂർ ഡിവൈഎസ്പി കെ.വി. പ്രമോദൻ അറിയിച്ചു.
0 Comments