കാസർകോട്: കാസർകോട് ബങ്കളത്ത് കുട്ടി വെള്ളത്തിൽ മുങ്ങിമരിച്ചു. എരിക്കുളം സ്വദേശി ആൽബിൻ (16) ആണ് മരിച്ചത്. കുട്ടി വെള്ളക്കെട്ടിൽ വീണ വാർത്തയറിഞ്ഞ് പ്രദേശവാസി കുഴഞ്ഞ് വീണ് മരിച്ചു. ഇന്നലെ വൈകുന്നേരമാണ് എരിക്കുളം സ്വദേശി ആൽബിനും ബന്ധുക്കളും വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയത്. തുടർന്ന് ആൽബിൻ മുങ്ങിപ്പോകുകയായിരുന്നു. കളിമൺ ഖനനം നടത്തിയതിനെ തുടർന്നുണ്ടായ വിശാലമായ കുഴിയിലെ വെള്ളക്കെട്ടിലാണ് കുട്ടി മുങ്ങിപ്പോയത്. കുട്ടിയുടെ അമ്മയുമുണ്ടായിരുന്നു. അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവരാണ് തെരച്ചിൽ നടത്തിയത്. അഗ്നിരക്ഷാ സേന, സ്കൂബ ടീം അംഗങ്ങൾ എന്നിവരും തെരച്ചിലിൽ പങ്കെടുത്തിരുന്നു. ഇന്നലെ വെളിച്ചക്കുറവ് കാരണം തെരച്ചിൽ അവസാനിപ്പിച്ചിരുന്നു.
ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിച്ചതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശി സെബാസ്റ്റ്യൻ - ദീപ ദമ്പതികളുടെ മകനായ ആൽബിൻ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുട്ടി വെള്ളക്കെട്ടിൽ വീണതറിഞ്ഞ് ഹൃദയാഘാതം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 62 വയസുകാരിയാണ് മരിച്ചത്. ബങ്കളം സ്വദേശിനി വിലാസിനിയാണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തെ വെള്ളക്കെട്ടിലാണ് കുട്ടി വീണത്. ഇന്നലെ വൈകുന്നേരം വാർത്ത അറിഞ്ഞ ഇവർ കുഴഞ്ഞ് വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് വിലാസിനിയുടെ മരണം സ്ഥിരീകരിച്ചത്.
0 Comments