കണ്ണൂർ: അഗ്നിരക്ഷാസേനയിൽ ജോലിചെയ്യാൻ ഇനി വനിതകളും. സംസ്ഥാനത്ത് ആദ്യമായി 85 പേർ 'ഫയർ വുമൺ' തസ്തികയിൽ വെള്ളിയാഴ്ച മുതൽ പരിശീലനം തുടങ്ങും. ഫയർ ആൻഡ് റെസ്ക്യു ഓഫീസറായിട്ടാണ് നിയമനം. പ്ലസ്‌ടുവാണ് അടിസ്ഥാനയോഗ്യതയെങ്കിലും എം.എസ്‌സി. തൊട്ട് എം.ഫിൽ വരെയുള്ളവർ പരിശീലനത്തിലുണ്ട്.
അഗ്നിരക്ഷാസേനയിൽ പി.എസ്.സി. വഴി ആദ്യമായാണ് വനിതകൾ എത്തുന്നത്. ആറുമാസം തൃശ്ശൂർ ഫയർ സർവീസ് അക്കാദമി കേന്ദ്രീകരിച്ചും തുടർന്ന് ഫയർ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുമാണ് പരിശീലനം.
കണ്ണൂരിൽ നിന്ന് അഞ്ചുപേരും കാസർകോട്ടുനിന്ന് നാലുപേരുമുണ്ട്. നീന്തൽ, സ്കൂബ, അഗ്നിരക്ഷ, മലകയറ്റം ഉൾപ്പെടെ പരിശീലനത്തിലുണ്ടാകും. നീന്തൽപരീക്ഷയടക്കം വിജയിച്ചാണ് വനിതകൾ പരിശീലനത്തിനെത്തുന്നത്.100 പേരെയാണ് നിയമിക്കുന്നത്. ഇതിൽ 85 പേരാണ് തുടക്കത്തിൽ എത്തുന്നത്.
2023 ഏപ്രിൽ 10-ന് ജില്ലാടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് നിലവിൽ വന്നു. സേനയിലെ അടിസ്ഥാനസൗകര്യങ്ങളിലും ഇനി മാറ്റംവരും. വനിതകൾക്ക് മാത്രമായി അക്കാദമിയിൽ പരിശീലന സൗകര്യം ഒരുക്കുകയാണ്. താമസസൗകര്യം, ശൗചാലയം ഉൾപ്പെടെ ജില്ലകളിലൊരുക്കാൻ അഗ്നിരക്ഷാ ജില്ലാ ഓഫീസർമാർക്ക് നിർദേശം നൽകി. ഇതിന് ഫണ്ടും അനുവദിച്ചിട്ടുണ്ട്.
*ഇത് പുതിയ പാഠം*
കണ്ണൂരിൽനിന്ന് അഞ്ചുപേരാണ് ജോലിക്കുവേണ്ടിയുള്ള പരിശീലനത്തിന് ചേരുന്നത്. ചെങ്ങളായി സ്വദേശി അനുശ്രീ, കൊയ്യം സ്വദേശി കെ.കെ.അനുഷ, മാങ്ങാട്ടിടത്തെ കെ.അമിത, കുറ്റ്യേരിയിലെ വി.വി.ശില്പ, അടക്കാത്തോട് സ്വദേശി കെ.ജെ.ജ്യോത്സ്‌ന എന്നിവർ. ഈ ജോലിയെ ഉത്തരവാദിത്വത്തോടെയാണ് കാണുന്നതെന്ന് അനുശ്രീ പറഞ്ഞു.
പരിശീലനത്തിനായി വെള്ളിയാഴ്ച പോകും. ഇനിയും പെൺകുട്ടികൾ മുന്നിട്ടിറങ്ങണം. നീന്തലിൽ പലരും പരാജയപ്പെട്ടിരുന്നു. നീന്തൽ സ്വയംരക്ഷയ്ക്ക് മാത്രമല്ല, ജോലിക്കും കൂടിയുള്ളതാണ്. എല്ലാ പെൺകുട്ടികളും നീന്തൽ പഠിക്കണം -അനുശ്രീ പറഞ്ഞു.
0 Comments