ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് സുവര്‍ണപ്പുലരി. അമ്പെയ്ത്ത് വിഭാഗത്തില്‍ മെഡലുകള്‍ വാരിക്കൂട്ടിയാണ് ഗെയിംസിന്റെ 14ആം ദിനം ഇന്ത്യ ആരംഭിച്ചത്. അമ്പെയ്ത്തില്‍ ഇരട്ടസ്വര്‍ണമടക്കം നാല് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 99 ആയി. അമ്പെയ്ത്തില്‍ പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. ഓജസ് പ്രവീണാണ് ഇന്ത്യയുടെ 24ആം സ്വര്‍ണമെഡല്‍ നേടിയത്. ഫൈനലില്‍ ഇന്ത്യയുടെ തന്നെ അഭിഷേക് വര്‍മ്മയെ പരാജയപ്പെടുത്തിയതോടെയാണ് സ്വര്‍ണവും വെള്ളിയും ഇന്ത്യ സ്വന്തമാക്കിയത്.
അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം സ്വര്‍ണമെഡല്‍ സ്വന്തമാക്കി. ഫൈനലില്‍ കൊറിയയെ 149-145 എന്ന സ്‌കോറിന് തകര്‍ത്താണ് ഇന്ത്യ ഒന്നാമതെത്തിയത്. ഇതേയിനത്തില്‍ ഇന്ത്യ വെങ്കലവും നേടിയിട്ടുണ്ട്. ഇന്ത്യയുടെ അതിഥി സ്വാമിയാണ് വെങ്കലം കരസ്ഥമാക്കിയത്. ഇന്തോനേഷ്യയെ 146-140ന് തകര്‍ത്താണ് ഇന്ത്യന്‍ താരം മൂന്നാമതെത്തിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 24 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലം എന്നായി. 99 മെഡലുകളോടെ ഇന്ത്യ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
0 Comments