തിരുവനന്തപുരം: വിതുരയ്ക്ക് സമീപം ആദിവാസിയായ റബർ ടാപ്പിങ് തൊഴിലാളിക്ക് കാട്ടാനയുടെ അക്രമണത്തിൽ ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം സംഭവം. വിതുര പഞ്ചായത്തിലെ മണലി വാർഡിൽ കൊമ്പ്രാൻകല്ല് പെരുമ്പറാടി ആദിവാസി മേഖലയിൽ തടതരികത്ത് ശിവാ നിവാസിൽ ശിവാനന്ദൻ കാണി(46) രാവിലെ ടാപ്പിംഗ് തൊഴിലിനു പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.
ശിവാനന്ദനെ കണ്ട ആന ചവിട്ടുകയും പിന്നാലെ തുമ്പിക്കൈ കൊണ്ട് വലിച്ച് ദൂരെയെറിയുമായായിരുന്നു. ശിവാനന്ദന് മുഖത്ത് മുറിവും, വാരിയെല്ലിന് പൊട്ടലും, നെഞ്ചിൽ ക്ഷതവുമേറ്റു.നിലവിളി കേട്ട്കൂടെ ജോലി ചെയ്യുന്നവർ സ്വകാര്യ വാഹനത്തിൽ ഇയാളെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. ശിവാനന്ദൻ കാണിയും നാലുമക്കളും അടങ്ങുന്നതാണ് കുടുംബം. ഭാര്യ വാസന്തി ഒരു വർഷത്തിനു മുമ്പ് മരണപ്പെട്ടു.
ഈ പ്രദേശത്ത് കാട്ടുമൃഗങ്ങളുടെ ശല്യം നിരന്തരം വർധിച്ചുവരികയാണെന്നും പലപ്പോഴായി അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും പരിഹാരം ഉണ്ടാക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. പ്രദേശത്ത് ആനയും കാട്ടുപോത്തും കരടിയും ജനവാസമേഖലകളിലി റങ്ങുന്ന വിഷയം ചൂണ്ടിക്കാട്ടി വനംമന്ത്രിക്കും, ജില്ലാ കലക്ടർക്കും, ഡിഎഫ്ഒ ക്കും സന്ദേശം അയച്ചെന്നും പഞ്ചായത്ത് പ്രസിഡന്‍റ് മഞ്ജുഷ ജി. ആനന്ദ് പറഞ്ഞു.
0 Comments